കഥ തുടരുന്നു ...( റാഗിംഗ് വാരം )

episode 2

പൊതുവേ കേരളത്തില്‍ ആനുപാതികമായി നോക്കുവണേല്‍ സ്ത്രീകള്‍ ആണല്ലോ പുരുഷന്മാരേക്കാള്‍ കൂടുതല്‍. ഇവിടെ അതും സംഭവിച്ചു ഞങ്ങള്‍ 14 ബോയ്സ്.

ആകെ 9 ഗേള്‍സ്‌. അതില്‍ ഒരെണ്ണം ഇടയ്ക്കു വെച്ച് നിര്‍ത്തി പോകുകയും ചെയ്തു. അപ്പോള്‍ ആകെ നുള്ളി പെറുക്കി 8 എണ്ണം. ഞാന്‍ അങ്ങനെ നെടുവീര്‍പ്പിട്ടിരിക്കുമ്പോള്‍ ആണ്ടെ വരുന്നു ഒരുത്തന്‍ കൊടുങ്കാറ്റു പോലെ. കണ്ടിട്ട് ഒരു ഭീകര ലുക്ക്. ഈശ്വരാ ഇവനും ഇവിടെ പഠിക്കാന്‍ വന്നതാണോ. അവന്റെ പേര് രാജീവ് എന്നായിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ഇരു നിറത്തില്‍ , പൊക്കം ഉള്ള സുന്ദരിയായ ഒരു കുട്ടി പരിചയപ്പെടാന്‍ വന്നു.. എന്നെ അല്ല കേട്ടോ ഹും.

അവളുടെ പേര് "രമ്യ" [ ശരിക്കുള്ള പേരല്ല കേട്ടോ ]. ഞാനടക്കം ഉള്ള ചെറുതുകളെ ഒന്നും അവള്‍ക്കു കണ്ണില്‍ പിടിച്ചില്ല. 6 അടി ഉള്ളവന്മാരെ മാത്രമേ പരിച്ചയപെടുന്നുള്ളൂഎന്റെ പ്രതിഷേധം ആര്‍ത്തിരമ്പി. ഒരു കൊടുംകാറ്റു പോലെ ഞാന്‍ അവളോട്‌ പൊട്ടിത്തെറിച്ചു " എന്താടീ ഞങ്ങളെ ഒന്നും നിനക്ക് കണ്ണില്‍ പിടിച്ചില്ലേ ? "...!ശരിക്കും ഒന്നും സംഭവിച്ചില്ല. പതിവ് പോലെ എല്ലാം എന്റെ മനസ്സില്‍ ആയിരുന്നു. ആ പോട്ടെ അവളോടൊക്കെ ദൈവം ചോദിക്കും..

ഹ ഹ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. പിറ്റേ ദിവസം ക്ലാസ്സില്‍ വന്നപ്പോള്‍ ക്ലാസ്സ്‌ റൂമില്‍ ഒരൊറ്റ അവളുമാര്‍ ഇല്ല. എല്ലാത്തിനേം റാഗ് ചെയാന്‍ seniors കൊണ്ട് പോയി. എന്നോട് കളിച്ചാല്‍ അങ്ങനെ ഇരിക്കും. പെട്ടെന്ന് എന്റെ തോളില്‍ ഒരു കൈ വന്നു വീണു .. 45 ഡിഗ്രീ മുകളിലേക്ക് ഞാന്‍ നോക്കി. ദേണ്ടെ 6 അടി പൊക്കം ഉള്ള വേറെ ഒരുത്തന്‍. senior .. അങ്ങനെ എന്നേം പിടിച്ചു കൊണ്ട് പോയി. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഓരോരുത്തരും ഓരോരോ പണിയില്‍ ആണ്. ലിജോ സാറെ സാറെ സാമ്പാറെയും ജനഗണ മനയും മിക്സ്‌ ചെയ്തു പാടി കഷ്ട്ടപ്പെടുന്നത് കണ്ടു. സുമിനെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ റാഗ് ചെയുന്നു. പാവങ്ങള്‍ അവര്‍ക്കറിയില്ലല്ലോ ഇവന്‍ ഒരു ഹലോ മിസ്റ്റര്‍ പെരേര ആണെന്ന്.

അങ്ങനെ വൈകുന്നേരം ക്ലാസ്സ്‌ ഒകെ കഴിഞ്ഞു ഞാന്‍ വീട്ടിലേക്കുള്ള ബസില്‍ കയറി. അല്‍പ്പം കഴിഞ്ഞപ്പോള്‍ സുമിന്‍ എന്റെ സീറ്റില്‍ വന്നിരുന്നു. അപ്പോഴാണ്‌ ഞാന്‍ സുമിനെ ആദ്യമായിട്ട് പരിച്ചയപെടുന്നത്.

ഞാന്‍ :- " എന്റെ പേര് അജിഷ്. കോട്ടയത്താണ് വീട്.."

സുമിന്‍ :- " ഹലോ സുമിന്‍. ഞാന്‍ പരിപ്പില്‍ ആണ് !!!!"

ഞാന്‍ :- "ങേ പരിപ്പോ ? "

സുമിന്‍ :- ( അല്‍പ്പം ദേഷ്യത്തില്‍ ) അതൊരു സ്ഥലത്തിന്റെ പേരാണ് ഹും ..എന്റെ വീട് തിരുവനന്തപുരതാണ്. അവിടെ എനിക്ക് അറിയാവുന്ന കുറെ ടീമ്സുകള്‍ ഉണ്ട്. ഇന്ന് എന്നെ റാഗ് ചെയ്തവനെ ഞാന്‍ നോക്കി വെച്ചിട്ടുണ്ട്. അവന്‍ ഏതാ ? ഞാന്‍ ഒന്ന് വിളിച്ചു പറഞ്ഞാല്‍ അവര്‍ ഇവിടെ വരും.അവന്റെ പണി പൂട്ടും"

ഞാന്‍ : " അയ്യോ അങ്ങനെ ഒന്നും വേണ്ട. അവരൊക്കെ seniors അല്ലെ. വെറുതെ നമ്മളായിട്ടു എന്തിനാ പ്രശ്നം ഉണ്ടാക്കുന്നത്. ഇതൊകെ കുറച്ചു നാളത്തെക്കെ ഉണ്ടാകൂ.."

സുമിന്‍: " ഹും ...."

അന്ന് രാത്രി ഞാന്‍ സുമിനെ പറ്റി ആലോചിച്ചു. ചങ്കൂറ്റം ഉണ്ട്. പക്ഷെ ആളൊരു പാവമാണ്. ഹോ നാളെയും പോകണമല്ലോ വൃത്തികെട്ട കോളേജ്..കണ്ണുകള്‍ അടഞ്ഞു ..

പിറ്റേ ദിവസം ഞാന്‍ കണ്ടു. സുമിന്‍ 4 കാലില്‍ നില്ല്കുന്നു പശു ആയിട്ട്. സീനിയെഴ്സില്‍ ഒരുത്തന്‍ പശുവിനെ പുല്ലു തീറ്റിക്കുന്നു. എന്തോകെ ബഹളം ആയിരുന്നു തിരുവനന്തപുരം, ആളുകള്‍, ഗുണ്ടകള്‍.. അങ്ങനെ സുമിനായി ശവമായി. ക്ലാസ്സില്‍ നോക്കി ശൂന്യം. ഇങ്ങനെ പോയാല്‍ ഈ കോഴ്സേ കഴിഞ്ഞാലും പെണ്‍കുട്ടികളെ പോടീ പോലും കാണാന്‍ കിട്ടില്ലല്ലോ. ക്ലാസ്സ്‌ തുടങ്ങിയാല്‍ ഉറക്കം. ക്ലാസ്സ്‌ വിട്ടാല്‍ റാഗിങ്ങ്. ഉച്ചയ്ക്കാണ് പേടി. 1 മണിക്കൂറോളം ഇന്റെര്‍വല്‍ ഉണ്ട്. അവന്മാര്‍ വന്നു മേഞ്ഞിട്ടു പോകും, ഇതിനൊരു അറുതി വേണ്ടേ ? അങ്ങനെ ഞങ്ങള്‍ 4 പേരും കൂടി ഒരു പദ്ധതി പ്ലാന്‍ ചെയ്തു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ക്രിസ്റ്റഫര്‍, ലിജോ, ശ്രീജിത്ത്‌. ( എല്ലാം ആജാന ബാഹുക്കള്‍ ).. പദ്ധതി വളരെ സിമ്പിള്‍ ആയിരുന്നു. അതെ അത് തന്നെ "ഒളിപ്പോരു!!!!". ഒരു നക്സലിസം ഞങ്ങളുടെ മനസ്സില്‍ ഉടലെടുത്തു. ഇത് പേടിച്ചിട്ടല്ല. പഴശി രാജ വരെ ഒളിപ്പോര്‍ മാര്‍ഗം ആണ് സ്വീകരിച്ചത്.

അങ്ങനെ ഞങ്ങള്‍ അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു. ഒരുത്തനും കണ്ടു പിടിക്കില്ല. ഇന്റര്‍വല്‍ കഴിയുമ്പോള്‍ ക്ലാസ്സില്‍ കയറാം. പദ്ധതി വിജയമായി.

പക്ഷെ ഇതറിഞ്ഞ മറ്റു ജൂനിയേഴ്സ്‌ കൂടി വന്നു ഒളിച്ചിരിക്കാന്‍ തുടങ്ങിയതോടെ അതിനു തിരശീല വീണു. എന്നേം ക്രിസ്റ്റഫരിനേം തൂക്കി എടുത്തു കൊണ്ട് പോയി.

അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ആദ്യ ഡാന്‍സ് തുടങ്ങി. അട ആള്‍ തോട്ട ഭൂപതി നാനെടാ...ഇനി ഒളിച്ചിരുന്നാല്‍ കടുത്ത ശിക്ഷ വിധികള്‍ക്ക് വിധേയരാകും എന്ന് മനസിലായി.

പക്ഷെ എനിക്ക് ആ കോളേജ് ഇഷ്ടമായി വരികയരുന്നു. പതുക്കെ പതുക്കെ ഞങളുടെ സൗഹൃദം ഉടലെടുക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹര മുഹൂര്‍ത്തങ്ങള്‍ കടന്നു വരാന്‍ പോകുകയാണ് എന്ന് തിരിച്ചറിയുന്നു. ....

തുടരും....

അടുത്ത എപിസോടില്‍ " വടം വലികള്‍ "

Comments

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)