കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )
episode1
പ്ലസ് ടൂ കഴിഞ്ഞു. എന്ത് ചെയണം എന്ന് എനിക്കൊരു രൂപവും ഇല്ല. എല്ലാവരും എന്ട്രന്സും, കോച്ചിങ്ങും മറ്റും ഒകെ ആയി
തകര്‍ക്കുന്നു. അമ്മ എന്നോട് പലതും ചോദിക്കുന്നു എന്താ നിന്റെ പരിപാടി. എനിക്ക് ഉത്തരം ഇല്ല. സത്യത്തില്‍ ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. അങ്ങനെ ഇരിക്കെ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു " നിനക്ക് ഫിസിക്സ്സിനു നല്ല മാര്‍ക്ക് ഉണ്ടല്ലോ ഡിഗ്രിക്ക് ചേര്‍ന്ന് കൂടെ ? " ....ഞാന്‍ ആലോചിച്ചു ഡിഗ്രീ !! ഒരു വെയിറ്റ് ഇല്ല. പക്ഷെ
വേറെ മാര്‍ഗം ഇല്ല. മുന്നില്‍ വേറെ ചോയ്സ് നേഴ്സിംഗ് ആണ്. അത് വേണ്ട.
അങ്ങനെ ഞാന്‍ CMS കോളേജില്‍ ചേര്‍ന്നു. മനസ്സില്‍ ലഡ്ഡു പൊട്ടി. നല്ല ക്യാമ്പസ്. അത്യാവശ്യം പാടാന്‍ അറിയാം. ധാരാളം പെണ്‍കുട്ടികള്‍. യൂണിഫോം ഇല്ല. ഇതില്‍ കൂടുതല്‍ ഒരു 18 കാരന് എന്ത് വേണം. അന്ന് രാത്രി കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. സന്തോഷം കൊണ്ട്...
ഇടിവെട്ട് ഏറ്റത് പോലെ ആണ് പിറ്റേ ദിവസം ആ വാര്‍ത്ത ഞാന്‍ കേട്ടത്. എനിക്ക് IHRD കോളേജില്‍ നിന്നും കാര്‍ഡ് വന്നു!!
കമ്പ്യൂട്ടര്‍ സയന്‍സ്. ദൈവമേ കമ്പ്യൂട്ടര്‍ ഇത് വരെ തൊട്ടിട്ടു പോലും ഇല്ല. യൂണിഫോമില്‍ നിന്നും ഇനിയും എനിക്ക് മോചനം ഇല്ലേ. ഈശ്വരാ.....!
അങ്ങനെ പപ്പയെ കൂട്ടി ഞാന്‍ IHRD യില്‍ ചേരാന്‍ എത്തി. എന്നെ പോലെ ഒരു പാട് ഹതഭാഗ്യര്‍ അവിടെ Q നില്‍ക്കുന്നത് കണ്ടു. ചാപ്പ കുത്തിയ പോത്തുകളെ പോലെ. എപ്പോഴാണാവോ എന്റെ നമ്പര്‍. അല്‍പ്പം കഴിഞ്ഞു ഞങ്ങള്‍ ഓഫീസില്‍ കയറി. കണ്ണാടി വെച്ച ഒരു പുളുന്താന്‍ എന്നോട് " ഇവിടെ ഭയങ്കര സ്ട്രികട്ട് ആണ്. യൂണിഫോം വേണം.അതില്ലാതെ വരാന്‍ പാടില്ല" ഞാന്‍ മറുപടി പറഞ്ഞു " അല്ലേലും ഇവിടെ തുണിയില്ലാതെ തുള്ളാന്‍ ഒന്നും ഞാന്‍ വരില്ല " - പക്ഷെ അത് മനസ്സില്‍ ആയിരുന്നു. പുറമേ ഞാന്‍ വളിച്ച ഒരു ചിരി പാസാക്കി. അയാള്‍ തുടര്‍ന്ന് " പിന്നെ ഐഡന്റിറ്റി കാര്‍ഡ് മസ്റ്റ് ആണ്. ഷൂ മസ്റ്റ് ആണ്. " ഹും !! ഇത്രേം മസ്റ്റ് ആണ് ... ഇനി മസ്റ്റ് ആയിട്ട് ... ആ ഇത്രേം മതി. monday ക്ലാസ്സ് തുടങ്ങും.
" നഷ്ട സ്വര്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം തന്നു ...." ഈ പാട്ട് പാടി ഞാന്‍ ആ രാത്രി തള്ളി നീക്കി.
അങ്ങനെ തിങ്കളാഴ്ച ഞാന്‍ ആ നശിച്ച കോളേജില്‍ കാലു കുത്തി. കോഴികൂട് പോലത്തെ ഒരു ക്ലാസ്സ് റൂമിലേക്ക് ഞാനടക്കം ഒരു 5 , 8 പേരെ കയറ്റി വിട്ടു. ഞാന്‍ എല്ലാവരേം നോക്കി. ഖടാ ഖടിയന്മാരായ കുറെ കൂട്ടുകാര്‍. ദൈവമേ യെവന്മാരുടെ കൂടെ ആണോ ഞാന്‍ ഇനി പഠിക്കാന്‍ പോകുന്നത്.. സൂക്ഷിച്ചു നോക്കിയപോള്‍ ചെറുത് 2 , 3 എണ്ണം കണ്ടു. ഒരാളെ ഞാന്‍ പരിചയപ്പെട്ടു. ആളുടെ പേര് ജയ്സണ്‍. രണ്ടാമത്തെ ആള്‍ ലിജോ. ഇവിടെ പുതുപ്പള്ളിയില്‍ ആണ് വീട്. ഒരു പാവത്താന്‍. മൂന്നാമന്‍ ശ്രീജിത്ത്. ആ മുഖവും എന്നെ ആകര്‍ഷിച്ചു. കുട്ടിത്തം മാറാത്ത ഒരു നിഷ്കളങ്കത...
തുടരും.....
Comments