അവിചാരിതം ( അധ്യായം 3 – തീരം അണയാതെ )
അധ്യായം 3 – തീരം അണയാതെ
കോഴിക്കോട് കടൽക്കരയിൽ സന്ധ്യ പതുക്കെ ഇരുണ്ടുതുടങ്ങി.
ആകാശത്തിന്റെ അവസാനത്തെ വെളിച്ചം കടലിന്റെ മേൽ നീണ്ടുനിന്നു. തിരകൾ പതിവുപോലെ കരയിലേക്ക് വന്നു മടങ്ങി. ചുറ്റും ആളുകൾ ഉണ്ടായിരുന്നു. കുട്ടികൾ മണലിൽ കളിക്കുന്നു. ചിലർ കുടുംബത്തോടൊപ്പം നടക്കുന്നു. ചിലർ നിശ്ശബ്ദമായി കടലിനെ നോക്കിനിൽക്കുന്നു.
എന്നാൽ സന്ദീപിനും മേഘയ്ക്കും ആ നിമിഷത്തിൽ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും നേർക്ക് നിൽക്കുകയായിരുന്നു.
“മേഘ…”
സന്ദീപ് ആ പേര് പതുക്കെ വിളിച്ചു.
ഒരു പേര് മാത്രമല്ല അത്.
അവൻ ഒരിക്കലും എഴുതാതെ മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു അധ്യായം.
മേഘ ഒന്ന് ചിരിച്ചു. ആ ചിരിയിൽ സന്തോഷവും അവിശ്വാസവും ഒരുപോലെ ഉണ്ടായിരുന്നു.
“നിന്നെ ഇവിടെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.”
“ഞാനും.”
സന്ദീപ് പറഞ്ഞത് ഒരു വാക്ക് മാത്രമായിരുന്നെങ്കിലും അതിന്റെ പിന്നിൽ ഒരു ജീവിതം മുഴുവൻ ഉണ്ടായിരു
അവർ കുറച്ചു നേരം ഒപ്പം നടന്നു.
ആദ്യ നിമിഷങ്ങളിലെ അസ്വസ്ഥത പതുക്കെ അലിഞ്ഞുപോയി.
“നീ ഇപ്പോൾ എവിടെയാണ്?” സന്ദീപ് ചോദിച്ചു.
മേഘ കടലിലേക്ക് നോക്കി.
“എറണാകുളത്തു.”
“അച്ഛന്റെ ബിസിനസ് ഞാൻ ഏറ്റെടുത്തു.”
“ഇപ്പോൾ അതിന്റെ Managing Director ആണ്.”
സന്ദീപ് അവളെ നോക്കി. അവന്റെ കണ്ണുകളിൽ യഥാർത്ഥ സന്തോഷം തെളിഞ്ഞു.
“നീ അത് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു.”
മേഘ ചിരിച്ചു.
“നീ ഇപ്പോഴും അതേപോലെ തന്നെയാണ്… ആദ്യം മറ്റുള്ളവരുടെ കാര്യമാണ് പറയുന്നത്.”
“വിവാഹം കഴിഞ്ഞു,” അവൾ പറഞ്ഞു.
“രണ്ട് കുട്ടികൾ.”
അവൾ വളരെ സ്വാഭാവികമായി പറഞ്ഞുവെങ്കിലും ആ വാക്കുകളുടെ ഇടയിൽ ചെറിയ ഇടവേളകൾ ഉണ്ടായിരുന്നു. സന്ദീപ് അത് ശ്രദ്ധിച്ചു.
“ഭർത്താവ്?”
“പുള്ളിക്ക് ഒരു FIRM വേറെ ഉണ്ട് അത് നടത്തുന്നു.”
അവൾ കൂടുതൽ വിശദീകരിച്ചില്ല.
സന്ദീപും കൂടുതൽ ചോദിച്ചില്ല.
എന്നാൽ ചില ബന്ധങ്ങളുടെ മുഴുവൻ കഥകൾ ഒരു വാക്കിന്റെ ശബ്ദത്തിൽ തന്നെ കേൾക്കാനാവും.
“ഇവിടെ എങ്ങനെ?” സന്ദീപ് ചോദിച്ചു.
“കോഴിക്കോട് ഒരു ബിസിനസ് മീറ്റിംഗിന് വന്നതാണ്. ഹോട്ടലിൽ എല്ലാവരും ഉണ്ടായിരുന്നു. എനിക്ക് കുറച്ച് സമയം ഒറ്റയ്ക്ക് വേണമെന്നു തോന്നി.”
അവൾ ചെറുതായി ചിരിച്ചു.
“ഇങ്ങനെ ഒറ്റയ്ക്ക് നടക്കാൻ കിട്ടുന്ന സമയം ഇപ്പോൾ വളരെ അപൂർവ്വമാണ്.”
ആ വാക്കുകൾ സാധാരണയായി പറഞ്ഞതുപോലെ തോന്നിയെങ്കിലും അതിന്റെ പിന്നിൽ ക്ഷീണവും നിശ്ശബ്ദമായ ഒരു ആകുലതയും ഉണ്ടായിരുന്നു.
“നീ ഇവിടെ ?” മേഘ ചോദിച്ചു.
“ഒരു കഥ എഴുതുകയാണ്.”
സന്ദീപ് കൈയിലെ ഡയറി കാണിച്ചു.
“സിനിമയ്ക്ക് വേണ്ടി.”
“പൂർത്തിയായോ?”
“ഇല്ല. അവസാന ഭാഗം മാത്രം എഴുതാനുണ്ട്.”
“ഇപ്പോഴും അവസാനങ്ങൾ എഴുതാൻ ബുദ്ധിമുട്ടാണോ?”
ആ ചോദ്യം കേട്ടപ്പോൾ സന്ദീപ് മൃദുവായി ചിരിച്ചു.
“ചില കഥകൾക്ക് അവസാനം കണ്ടെത്താൻ വർഷങ്ങൾ വേണ്ടിവരും.”
അവർ കടലിനരികിലെ ഒരു കുറച്ച് ശാന്തമായ ഭാഗത്ത് എത്തി.
മണലിൽ ഇരുവരുടെയും കാൽപ്പാടുകൾ ഒപ്പം പതിഞ്ഞു.
ഒരു നിമിഷം, വർഷങ്ങൾക്കു മുമ്പ് കോളേജ് വരാന്തയിൽ ഒരുമിച്ച് നിന്നിരുന്ന രണ്ടു യുവാക്കളെപ്പോലെ അവർക്ക് തോന്നി.
“നീ ഇപ്പോഴും എഴുതുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു,” മേഘ പറഞ്ഞു.
“എങ്ങനെ?”
“പത്രത്തിൽ ഒരിക്കൽ നിന്റെ ഒരു കഥ കണ്ടിരുന്നു. പേര് മാത്രം കണ്ടിട്ടും അത് നീയാണെന്ന് എനിക്ക് മനസ്സിലായി.”
“എന്നിട്ട് വായിച്ചോ?”
“രണ്ടുതവണ.”
“Review എന്തായിരുന്നു?”
“Ending നല്ലതായിരുന്നു. പക്ഷേ writerക്ക് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചിട്ടില്ല.”
സന്ദീപ് ചിരിച്ചു.
“നീ ഇപ്പോഴും എന്റെ toughest critic തന്നെയാണ്.”
“നിനക്കറിയാമോ…” മേഘ തുടങ്ങി.
“കോളേജ് മാഗസിന്റെ പുതിയ ലക്കം വന്നാൽ ആദ്യം ഞാൻ നോക്കിയിരുന്നത് നിന്റെ കഥയായിരുന്നു.”
സന്ദീപ് ചിരിച്ചു.
“എന്നിട്ട്?”
“നിന്റെ കഥകളിലെ നായകൻ എപ്പോഴും ഒറ്റയ്ക്കായിരിക്കും.”
“അന്ന് എനിക്ക് അത് മനസ്സിലായിരുന്നില്ല.”
ഒരു ചെറിയ ഇടവേള.
“ഇപ്പോൾ മനസ്സിലാകുന്നു.”
സന്ദീപ് കടലിലേക്ക് നോക്കി.
“അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലായിരുന്നു അത്.”
“അല്ല,” മേഘ തലകുനിച്ചു. “അന്ന് ഞാൻ വിചാരിച്ചത് നീ വെറുതെ dramatic ആയി എഴുതുന്നു എന്നായിരുന്നു.”
സന്ദീപ് ചെറുതായി ചിരിച്ചു.
“അത് കേട്ടാൽ എന്റെ readers വിഷമിക്കും.”
“ഞാൻ നിന്റെ ആദ്യ reader ആയിരുന്നല്ലോ.”
ആ വാക്ക് കേട്ടപ്പോൾ സന്ദീപ് അവളെ നോക്കി.
“അതെ,” അവൻ മൃദുവായി പറഞ്ഞു. “ഓരോ കഥയും ആദ്യം വായിച്ചത് നീയായിരുന്നു.”
“ഓർമ്മയുണ്ടോ?” മേഘ ചോദിച്ചു.
“ഒരു കഥയിൽ നായകൻ അവസാനം റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് നിൽക്കുന്ന scene ഉണ്ടായിരുന്നു.”
“നീ അതിന്റെ ending change ചെയ്യാൻ പറഞ്ഞിരുന്നു,” സന്ദീപ് പറഞ്ഞു.
“കാരണം അത് എനിക്ക് സഹിക്കാനായില്ല.”
“എനിക്ക് happy ending വേണമെന്നായിരുന്നു.”
“എന്നിട്ട് ഞാൻ എന്താണ് പറഞ്ഞത്?”
മേഘ ഒന്ന് ചിരിച്ചു.
“ജീവിതത്തിൽ എല്ലാവർക്കും happy ending കിട്ടണമെന്നില്ല എന്ന്.”
“അത് കേട്ട് എനിക്ക് നിന്നോട് ദേഷ്യം വന്നു,” അവൾ പറഞ്ഞു.
“മൂന്ന് ദിവസം ഞാൻ നിന്നോട് സംസാരിച്ചില്ല.”
“നാലാം ദിവസം കാന്റീനിൽ വന്ന് എന്റെ ചായ നീ കുടിച്ചു.”
“കാരണം നീ തന്നെയല്ലേ വാങ്ങിത്തന്നത്.”
ഇരുവരും ഒരുമിച്ച് ചിരിച്ചു.
ആ ചിരി വർഷങ്ങൾക്കു ശേഷം തിരികെ വന്ന ഒരു പഴയ പരിചയം പോലെ തോന്നി.
“കോളേജ് ഡേയുടെ മുൻദിവസം ഓർമ്മയുണ്ടോ?” മേഘ ചോദിച്ചു.
“ഞാൻ കവിത വായിക്കാൻ പേടിച്ച് backstageൽ കരഞ്ഞിരുന്നു.”
“പിന്നെ ഞാൻ പറഞ്ഞത്—”
“‘ഇത്രയും പേടിയാണെങ്കിൽ കണ്ണടച്ച് വായിക്കൂ. തുറക്കുമ്പോഴേക്കും തീർന്നിരിക്കും.’”
സന്ദീപ് ചിരിച്ചു.
“നീ ആ കവിത വളരെ നന്നായി വായിച്ചു.”
“സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ആദ്യം നോക്കിയത് നിന്നെയായിരുന്നു.”
അവൾ ഒരു നിമിഷം നിർത്തി.
“നീ കൈയടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.”
“ഇനി ഒരു കാര്യം കൂടി ഓർമ്മയുണ്ട്,” മേഘ പറഞ്ഞു.
“ലൈബ്രറിയിൽ ഞാൻ എഴുതിയ കവിതയുടെ draft നീ തിരികെ കൊടുത്തപ്പോൾ, അവസാന പേജിൽ ഒരു വരി എഴുതിയിരുന്നു.”
സന്ദീപ് ഒന്ന് ആലോചിച്ചു.
“ഏത് വരി?”
മേഘ അവനെ നോക്കി.
“‘നീ എഴുതുന്നത് നിർത്തരുത്.’”
ഒരു ചെറിയ ചിരി.
“ആ വരി ഞാൻ വർഷങ്ങളോളം സൂക്ഷിച്ചിരുന്നു.”
“സത്യമോ?” സന്ദീപ് ചോദിച്ചു.
“അതെ.”
“നീ തന്ന ചില വാക്കുകൾ… എനിക്ക് അന്ന് അതിനേക്കാൾ വലിയ സമ്മാനം ഒന്നുമുണ്ടായിരുന്നില്ല.”
അവൾ പതുക്കെ പറഞ്ഞു.
“ചില ആളുകൾക്ക് അറിയില്ല, അവരുടെ ഒരു ചെറിയ പ്രോത്സാഹനം മറ്റൊരാളുടെ ജീവിതത്തിൽ എത്ര വലിയ സ്വാധീനം ഉണ്ടാക്കുമെന്ന്.”
സന്ദീപ് കുറച്ചു നേരം മിണ്ടാതെ നിന്നു.
“നീയും എന്നെ പലതും പഠിപ്പിച്ചു മേഘ.”
“ഞാനോ?”
“അതെ.”
“എന്റെ എഴുത്ത് ആരെങ്കിലും ഇങ്ങനെ ശ്രദ്ധയോടെ വായിക്കുമെന്ന വിശ്വാസം ആദ്യം തന്നത് നീയാണ്.”
മേഘയുടെ കണ്ണുകൾ മൃദുവായി.
“അതുകൊണ്ടായിരിക്കാം,” അവൾ പറഞ്ഞു,
“നിന്റെ കഥകൾ വായിക്കുമ്പോൾ… ഞാൻ നിന്നെ വായിക്കുകയാണെന്ന് തോന്നിയിരുന്നത്.”
കടൽക്കാറ്റ് അവരുടെ ഇടയിലൂടെ കടന്നുപോയി.
സൂര്യന്റെ അവസാന വെളിച്ചം മങ്ങിത്തുടങ്ങി.
“നിനക്കറിയാമോ സന്ദീപ്…”
മേഘയുടെ ശബ്ദം പതുക്കെ മൃദുവായി.
“ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയത് ഒരു ദിവസം കൊണ്ടല്ല.”
“നീ പറഞ്ഞ വലിയ വാക്കുകൾ കൊണ്ടുമല്ല.”
“ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ്.”
“ഞാൻ nervous ആകുമ്പോൾ എന്നെ ശാന്തമാക്കിയത്…”
“ഞാൻ എഴുതിയത് ശ്രദ്ധയോടെ വായിച്ചത്…”
“എന്റെ ഒരു ചെറിയ കവിത പോലും serious ആയി എടുത്തത്…”
“എനിക്ക് ഞാൻ പ്രധാനപ്പെട്ട ആളാണെന്ന് തോന്നിപ്പിച്ചത്…”
സന്ദീപ് ഒന്നും പറഞ്ഞില്ല.
അവൻ ഡയറിയുടെ പുറംചട്ടയിൽ വിരൽ കൊണ്ട് പതുക്കെ തഴുകി.
“ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ,” മേഘ തുടർന്നു,
“അവർ വലിയ വാഗ്ദാനങ്ങൾ ഒന്നും നൽകില്ല.”
“പക്ഷേ അവരുടെ കൂടെ നിൽക്കുമ്പോൾ… എല്ലാം ശരിയാകുമെന്ന് തോന്നും.”
അവൾ അവനെ നോക്കി.
“എനിക്ക് അങ്ങനെ തോന്നിയ ഏക മനുഷ്യൻ നീയായിരുന്നു.”
സന്ദീപിന്റെ തൊണ്ട വരണ്ടു.
പറയാൻ വാക്കുകൾ ഉണ്ടായിരുന്നെങ്കിലും, അവ ഒന്നും പുറത്തുവന്നില്ല.
കടൽക്കാറ്റ് മാത്രം അവരുടെ ഇടയിലൂടെ കടന്നുപോയി
അവൻ പറയാൻ ആഗ്രഹിച്ചു—
‘എനിക്കും അങ്ങനെ തോന്നിയ ഏക വ്യക്തി നീയായിരുന്നു.’
‘നീ പോയതിനുശേഷം എന്റെ കഥകളിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കും നിന്റെ മുഖമായിരുന്നു.’
‘ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും, നിന്നെക്കുറിച്ച് എഴുതുന്നത് ഞാൻ നിർത്തിയിട്ടില്ല.’
പക്ഷേ ആ വാക്കുകൾ ഒന്നും പുറത്തുവന്നില്ല.
അവൻ ഒടുവിൽ പറഞ്ഞത് ഒരു വാക്ക് മാത്രം.
“മേഘ…”
ആ പേര് അവന്റെ ശബ്ദത്തിൽ വിങ്ങി.
“സന്ദീപ്…”
അവൾ ശബ്ദം താഴ്ത്തി വിളിച്ചു.
“ഒരു കാര്യം ചോദിക്കട്ടെ?”
“ചോദിക്കൂ.”
“അന്ന്… ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?”
“ഓർമ്മയുണ്ട്.”
“അപ്പോൾ നീ പറഞ്ഞ ‘No’…”
അവൾ ഒരു നിമിഷം നിർത്തി.
“അതിന്റെ കാരണം എന്തായിരുന്നു?”
സന്ദീപിന്റെ മുഖം മാറി.
അവൻ ഈ ചോദ്യം ഒരിക്കൽ വരുമെന്ന് അറിഞ്ഞിരുന്നു.
പക്ഷേ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചോദ്യം തന്റെ ഉള്ളിൽ ഇത്ര വേദന ഉണ്ടാക്കുമെന്ന് അവൻ കരുതിയിരുന്നില്ല.
“ഇപ്പോൾ അതിന് എന്ത് പ്രസക്തിയുണ്ട് മേഘ?”
അവൻ പതുക്കെ ചോദിച്ചു.
മേഘ അവനെ നേരെ നോക്കി.
“എന്റെ ജീവിതം മുന്നോട്ട് പോയി. നിന്റെതും.”
“പക്ഷേ ചില ചോദ്യങ്ങൾക്കു സമയം കാലാവധി നിശ്ചയിക്കില്ല.”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ആ ദിവസം നീ പറഞ്ഞ ആ ഒരു വാക്ക്… എന്റെ ജീവിതത്തിൽ ഞാൻ മനസ്സിലാക്കാൻ കഴിയാതെ പോയ ഏക കാര്യം ആയിരുന്നു.”
സന്ദീപ് പറയാൻ ആഗ്രഹിച്ചു.
ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.
ഇന്നും സ്നേഹിക്കുന്നു.
നിന്നെ നഷ്ടപ്പെടുത്താതിരിക്കാൻ തന്നെയാണ് ഞാൻ നിന്നെ നഷ്ടപ്പെടുത്തിയത്.
പക്ഷേ ആ വാക്കുകൾ അവന്റെ തൊണ്ടയിൽ കുടുങ്ങി.
“ചില ഉത്തരങ്ങൾ…” അവൻ മൃദുവായി പറഞ്ഞു.
“പറയാതെ ഇരിക്കുന്നതാണ് നല്ലത്.”
മേഘയുടെ കണ്ണുകളിൽ ചെറിയൊരു നിരാശ തെളിഞ്ഞു.
എങ്കിലും അവൾ ചിരിക്കാൻ ശ്രമിച്ചു.
“ശരി. നിന്റെ ശീലം മാറിയിട്ടില്ല.”
“ഏത് ശീലം?”
“എറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം പറയാതെ വയ്ക്കുന്നത്.”
പക്ഷേ അവൾ അവനെ കുറ്റപ്പെടുത്തിയില്ല.
കാരണം അവൾക്ക് അറിയാമായിരുന്നു—സന്ദീപ് മിണ്ടാതിരിക്കുന്നത് പോലും ഒരു വിധത്തിലുള്ള സത്യമാണ്.
കുറച്ചു നേരം അവർ ഒന്നും പറഞ്ഞില്ല.
തിരകൾ മാത്രം ശബ്ദിച്ചു.
പറയാതെ പോയ വാക്കുകൾ അവരുടെ ഇടയിൽ നിശ്ശബ്ദമായി നിന്നു.
സന്ദീപ് തലകുനിച്ചു. ചിരിക്കാനായി ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
കടൽക്കാറ്റ് ശക്തമായി വീശി.
ഇരുവരും ഒരേ ദിശയിൽ നോക്കി നിന്നു.
വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ നഷ്ടപ്പെട്ട ഒരു സംഭാഷണം വീണ്ടും വാതിൽ തുറക്കാൻ കാത്തുനിന്നതുപോലെ.
“ഈ ആഴ്ച എറണാകുളത്തേക്ക് വരുന്നുണ്ടോ?” മേഘ പെട്ടെന്ന് ചോദിച്ചു.
സന്ദീപ് അവളെ നോക്കി.
“ശരിക്കും അറിയില്ല. ഈ കഥ പൂർത്തിയാക്കണം.”
“എങ്കിൽ ഒരു ദിവസം സമയം കണ്ടെത്തൂ.”
അവളുടെ ശബ്ദം വളരെ ലളിതമായിരുന്നു. പക്ഷേ കണ്ണുകളിൽ ഒരു അഭ്യർത്ഥന ഉണ്ടായിരുന്നു.
“ഈ ആഴ്ച ഞാൻ കൂടുതലായും ഫ്രീ ആണ്.”
ഒരു ചെറിയ ഇടവേള.
“നീ വന്നാൽ… നമുക്ക് ഒരു ദിവസം മുഴുവൻ സംസാരിച്ചു ഇരിക്കാം.”
ആ വാക്കുകൾ കേട്ടപ്പോൾ സന്ദീപിന്റെ ഉള്ളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ഒരു വാതിൽ പതുക്കെ തുറന്നതുപോലെ തോന്നി.
“വരാൻ ശ്രമിക്കാം,” അവൻ പറഞ്ഞു.
മേഘ തലകുനിച്ചു.
“ഞാൻ കാത്തിരിക്കും.”
സന്ദീപ് പോക്കറ്റിൽ നിന്ന് ചെറിയ ഡയറി എടുത്തു.
“അഡ്രസും വീട്ടിലെ ഫോൺ നമ്പറും പറയാമോ?”
മേഘ പറഞ്ഞു.
കലൂർ. സെന്റ് ജോർജ് റോഡ്. ആശീർവാദ്.
ലാൻഡ് ഫോൺ നമ്പറും.
സന്ദീപ് വളരെ ശ്രദ്ധയോടെ എഴുതി.
പേരിന് മുന്നിൽ അവൻ ഒരു നിമിഷം നിർത്തി.
പിന്നീട് എഴുതി—
മേഘ.
“ശ്രദ്ധിച്ചു വരണം,” മേഘ പറഞ്ഞു.
“അതെ.”
“ഇനി ഇത്തവണ കാരണമൊന്നും പറഞ്ഞ് ഒളിച്ചോടരുത്.”
അവൾ അത് തമാശയായി പറയാൻ ശ്രമിച്ചു.
പക്ഷേ ശബ്ദത്തിൽ ചെറിയൊരു വിങ്ങൽ ഉണ്ടായിരുന്നു
മേഘ പതുക്കെ തിരിഞ്ഞു നടന്നു.
കുറച്ചു ദൂരം ചെന്ന ശേഷം അവൾ ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.
സന്ദീപ് ഇപ്പോഴും അവിടെ തന്നെ നിന്നു.
കൈയിൽ ഡയറി.
കണ്ണുകളിൽ പറയാതെ വെച്ച ഒരു ജീവിതം മുഴുവൻ.
കടൽക്കാറ്റ് ശക്തമായി വീശി.
തിരകൾ വീണ്ടും കരയിലേക്ക് വന്നു.
സന്ദീപ് മനസ്സിൽ പതുക്കെ പറഞ്ഞു—
“അവിചാരിതം…”

Comments