"പത്തേമാരി " - ഒരു സംഗീതാസ്വാദനക്കുറിപ്പ്
പുതിയതായി എതു സിനിമ ഇറങ്ങിയാലും കൗതുകപൂർവം ഞാൻ ആദ്യമന്വേഷിക്കുക്ക ആ ചിത്രത്തിന്റെ സംഗീതം ആര് നിർവഹിച്ചു എന്നാവും. പ്രത്യേകിച്ചും ഗാനങ്ങൾ മനോഹരമായി ഉൾപ്പെടുത്തുന്ന സംവിധായകരുടെ ചിത്രങ്ങൾ. ആ നിരയിൽ എന്റെ ഇഷ്ട സംവിധായകൻ ആണ് ശ്രീ ലാൽജോസ്. വിദ്യാസാഗർ - ലാൽജോസ് ഗാനങ്ങൾ ആവേശത്തോടെ കൊണ്ട് നടക്കുന്ന ഒരു പാട് സംഗീതാസ്വാദകരിൽ ഞാനും ഉൾപ്പെടും. വർഷങ്ങൾക്ക് മുൻപ് ലാൽജോസിന്റെ "അറബിക്കഥ" അനൌണ്‍സ് ചെയ്യപ്പെടുമ്പോൾ, അതിനടിയിൽ സംഗീതം - വിദ്യാസാഗർ എന്ന് തിരഞ്ഞ ഞാൻ തെല്ലൊന്നു നിരാശപ്പെട്ടു. കാരണം പുതിയ ഒരാളുടെ പേരാണ് കണ്ടത് "ബിജിബാൽ". സ്ഥിരമായി കാണുന്ന കൂട്ടുകെട്ടുകളിൽ മാറ്റം വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നിരാശ മാത്രമായിരുന്നു അത്. പക്ഷെ വളരെ ആകാംക്ഷയോടെയായിരുന്നു അറബിക്കഥയുടെ സംഗീതത്തിനു വേണ്ടിയുള്ള എന്റെ കാത്തിരുപ്പ്.
അതിലെ ഗാനങ്ങൾ പിന്നീട് ഇറങ്ങുകയുണ്ടായി. തിരികെ ഞാൻ, താരകമലരുകൾ എന്ന പാട്ടുകൾ ജനം ഏറ്റെടുത്തു. അന്ന് നടത്താറുള്ള പല ഗാനമേളകളിലെയും സ്ഥിരം സാനിധ്യമായി മാറി "തിരികെ ഞാൻ" എന്ന പാട്ട്. പക്ഷെ ഈ രണ്ടു പാട്ടുകളെക്കാൾ എന്നെ ആകർഷിച്ചത് "താനേ പാടും വീണേ" എന്ന പാട്ടായിരുന്നു. കാരണം ഒരു സംഗീത സംവിധായകനെ കൃത്യമായി അടയാളപ്പെടുത്തുന്ന കോമ്പോസിഷൻ ആണത്. സ്ഥിരം സഞ്ചാര ഗതിയിൽ നിന്നും മാറി നടക്കുന്ന പാട്ട്. ഹിറ്റുകൾ സൃഷ്ടിക്കാൻ പഴയ ഈണം കടമെടുത്തു കുറുക്കു വഴികൾ തേടുന്ന ഇപ്പോഴത്തെ പല ന്യൂജനറേഷൻ സംഗീത സംവിധായകരിൽ നിന്നും ബിജിബാൽ വ്യത്യസ്തനാവുന്നത് ഈ പറഞ്ഞ മാറി നടക്കുന്ന സംഗീതം കൊണ്ട് തന്നെ. ഒറ്റ കേൾവിയിൽ ഒരു അമ്പരപ്പ് തോന്നുകയും എന്നാൽ കേൾക്കുന്തോറും മാധുര്യമേറി വരുന്ന സംഗീതമാണ് ഇന്ന് വരെയുള്ള സംഗീത സപര്യയിൽ ബിജിബാൽ സൃഷ്ടിച്ചിട്ടുള്ളത്.
ഇപ്പോൾ പത്തെമാരിയിലെ പാട്ടുകൾ കേട്ടപ്പോഴും ഞാൻ ഓർക്കുകയാരുന്നു ഇത്രയും വ്യത്യസ്തമാർന്ന നൊട്ടെഷനുകൾ ഏങ്ങനെ ഈ തലച്ചോറിൽ നിന്നും സംഗീതമായി പുറത്തേക്കു വരുന്നു ?. ഇതിലെ മൂന്ന് ഗാനങ്ങളും ഒരു പാട് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
ഒരു പക്ഷെ മലയാള സിനിമാ സംഗീതത്തിൽ ഇത് വരെ വന്നതിൽ വെച്ചേറ്റവും മികച്ച ഒരു അറബിക് ഈണമാണ് " ഇത് പാരോ സ്വർഗമോ " എന്ന പാട്ടിൽ മുഴങ്ങി കേൾക്കുന്നത്, ജ്യോത്സനയുടെ ശബ്ദത്തിൽ. വളരെ വ്യത്യസ്തമായ, കാലഘട്ടം ആവശ്യപ്പെടുന്ന ഓർക്കെസ്ട്രഷൻ.
പത്തേമാരി എന്ന ഗാനം ആ സിനിമയും വിഷയവും ആവശ്യപ്പെടുന്ന ഏറ്റവും അനുയോജ്യമായ സംഗീതമാണ്. ഷഹബാസ് അമന്റെ സുന്ദര ശബ്ദം. ഈ ഗായകനെ കൂടുതൽ അവസരങ്ങൾ തേടി വരട്ടെ എന്ന് പ്രാർഥിക്കുന്നു.
പടിയിറങ്ങുന്നു എന്ന വിഷാദ ഗാനം ഹരിഹരന്റെ ശബ്ദത്തിൽ കേൾക്കാം. ഉച്ചാരണത്തിലെ കല്ലുകടി ഒഴിവാക്കിയാൽ തികച്ചും ഭാവ തീവ്രമായ ആലാപനം.
അടുത്തയിടെ കേട്ട മികച്ച സൌണ്ട്ട്രാക്ക് തന്നെയാണ് പത്തെമാരിയിലെ പാട്ടുകൾ.

Comments