അവിചാരിതം ( അവസാന അധ്യായം - യാത്ര )




അവിചാരിതം  ( അവസാന അധ്യായം - യാത്ര )


മേഘയെ വീണ്ടും കാണാമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.

അതും ഇങ്ങനെ.

അവൾ തന്നെയാണ് പറഞ്ഞത്—

“നീ വന്നാൽ… നമുക്ക് ഒരു ദിവസം മുഴുവൻ സംസാരിച്ചു ഇരിക്കാം.”

ആ വാക്കുകൾ കഴിഞ്ഞ രാത്രി മുതൽ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

“ഞാൻ കാത്തിരിക്കും.”


സന്ദീപ് തന്റെ ചെറിയ മുറി ചുറ്റും നോക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മുറി അവന്റെ ഏക കൂട്ടുകാരനായിരുന്നു.

മേശപ്പുറത്ത് ചിതറിക്കിടക്കുന്ന പേപ്പറുകൾ. പാതിവഴിയിൽ നിർത്തിയ കുറിപ്പുകൾ. മഷി ഉണങ്ങിക്കിടക്കുന്ന പേന.

അവൻ പതുക്കെ ആ താളുകൾ ഒത്തുചേർത്തു.

അതാണ് അവന്റെ തിരക്കഥ.

അവന്റെ ജീവിതത്തെപ്പോലെ തന്നെ അവസാനം മാത്രം എഴുതാതെ കിടക്കുന്ന ഒരു കഥ.

അത് സൂക്ഷ്മമായി ബാഗിനുള്ളിൽ വച്ചു.


പിന്നീട് അലമാരയുടെ മുകളിലിരുന്ന ചെറിയ ഡയറി എടുത്തു.

വർഷങ്ങളായി തന്റെ കൂടെ കൊണ്ടുനടക്കുന്ന സ്വകാര്യ കുറിപ്പുകൾ.

ചില ഓർമ്മകൾ. ചില വിലാസങ്ങൾ. ചില പേരുകൾ.

അവൻ അത് തുറന്നു.

ഒരു പേജിൽ തന്റെ കൈയെഴുത്തിൽ ഒരു പേര്.

മേഘ.

അതിനടിയിൽ—

കലൂർ, സെന്റ് ജോർജ് റോഡ്, ആശീർവാദ്.

ലാൻഡ് ഫോൺ നമ്പർ.

അവൻ വിരലുകൾ കൊണ്ട് ആ പേര് പതുക്കെ തൊട്ടു.

പിന്നീട് ഡയറിയും ബാഗിൽ വച്ചു.


പുറപ്പെടുന്നതിന് മുമ്പ് കണ്ണാടിയിൽ തന്നെ ഒന്ന് നോക്കി.

മുടിയിൽ നരകൾ വീണിരിക്കുന്നു.

മുഖത്ത് വർഷങ്ങളുടെ ക്ഷീണം.

പക്ഷേ ആ ദിവസം അവന്റെ കണ്ണുകളിൽ വളരെ നാളുകൾക്ക് ശേഷം ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

ഒരു എഴുത്തുകാരന്റെ പ്രതീക്ഷ.

ഒരു പ്രണയിയുടെ പ്രതീക്ഷ.

ജീവിതം ഒരിക്കൽ നഷ്ടപ്പെടുത്തിയ ഒന്നിനെ വീണ്ടും സ്പർശിക്കാമെന്ന പ്രതീക്ഷ.


കോഴിക്കോട് ബസ് സ്റ്റാൻഡിൽ പതിവ് തിരക്ക്.

ചായക്കടകളിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. യാത്രക്കാരുടെ തിരക്ക്. ബസുകളുടെ ഹോൺ.

കൊച്ചി പോകുന്ന ബസ് പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ സന്ദീപ് പതുക്കെ അതിൽ കയറി.

ജാലകസീറ്റിൽ ഇരുന്നു.

ബാഗ് മടിയിൽ വച്ചു.

ഒരു ദീർഘനിശ്വാസം വിട്ടു.


ബസ് കോഴിക്കോട് നഗരപരിധി വിട്ട് തെക്കോട്ട് നീങ്ങിക്കൊണ്ടിരുന്നു.

സന്ദീപ് ജാലകസീറ്റിൽ ചാരിയിരുന്നു.

ബാഗ് മടിയിൽ.
അതിനുള്ളിൽ അവന്റെ പൂർത്തിയാകാത്ത തിരക്കഥ.
അതിന്റെ മുകളിൽ ചെറിയ ഡയറി.

വർഷങ്ങളായി കൈവിടാതെ സൂക്ഷിച്ച ചില പേരുകളും വിലാസങ്ങളും കുറിപ്പുകളും അതിൽ ഉണ്ടായിരുന്നു.
ഇന്ന് അതിൽ ഏറ്റവും പുതിയതായി ചേർന്ന പേര്— മേഘ.


ജാലകത്തിനപ്പുറം കാഴ്ചകൾ മാറിക്കൊണ്ടിരുന്നു.

നനഞ്ഞ റോഡുകൾ.
ചായക്കടകൾ.
വഴിയോരത്ത് മഴയിൽ തിളങ്ങുന്ന തെങ്ങുകൾ.

ബസിന്റെ ഏകതാനമായ ശബ്ദത്തിനിടയിൽ സന്ദീപിന്റെ മനസ്സ് പതുക്കെ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.

വർഷങ്ങൾക്കു മുമ്പിലേക്ക്.


കോളേജ് കാന്റീനിൽ മേഘ ആദ്യമായി തന്റെ കവിത വായിക്കാൻ കൊടുത്ത ദിവസം.

“Ending കുറച്ച് weak ആണ്,” എന്ന് പറഞ്ഞപ്പോൾ
അവളുടെ മുഖം ഒന്ന് മങ്ങിയത്.

അത് കണ്ടു ഉടനെ അവൻ ചിരിച്ചുകൊണ്ട് ചേർത്തത്—

“അതിനർത്ഥം കവിത മോശമാണെന്നല്ല.”

“അവസാന രണ്ട് വരികൾ വളരെ നല്ലതാണ്.”

ആ വാക്ക് കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷം
ഇന്നും അവന് ഓർമ്മയുണ്ട്.


ബസ് മുന്നോട്ട് നീങ്ങി.

ഒരു വളവ് തിരിഞ്ഞപ്പോൾ ദൂരെയായി പരിചിതമായ ഒരു കെട്ടിടം മരങ്ങൾക്കിടയിൽ തെളിഞ്ഞു.

അവരുടെ പഴയ കോളേജ്.

സന്ദീപ് അറിയാതെ നേരെ ഇരുന്നു.

കണ്ണുകൾ ജാലകത്തിലേക്ക് പതിഞ്ഞു.

എത്ര വർഷങ്ങൾ കഴിഞ്ഞാലും ചില സ്ഥലങ്ങൾ
മനസ്സിൽ നിന്ന് മായുന്നില്ല.


ആ വരാന്ത.

മഴ നോക്കി നിന്ന വൈകുന്നേരങ്ങൾ.

കാന്റീനിൽ പങ്കിട്ട ചായ.

ലൈബ്രറിയിലെ നീണ്ട സംഭാഷണങ്ങൾ.

കോളേജ് ഡേയ്ക്ക് മുമ്പ് ഭയന്ന് നിൽക്കുന്ന മേഘ.

“ഇത്രയും പേടിയാണെങ്കിൽ കണ്ണടച്ച് വായിക്കൂ,” എന്ന് പറഞ്ഞപ്പോൾ
അവൾ ചിരിച്ചതും.

സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശേഷം
ആദ്യം തിരഞ്ഞത് തന്റെ മുഖമായിരുന്നെന്നും പിന്നീട് അവൾ പറഞ്ഞതും.


സന്ദീപിന്റെ ചുണ്ടുകളിൽ അറിയാതെ ഒരു ചെറിയ ചിരി വിരിഞ്ഞു.

ചില ഓർമ്മകൾക്ക് പ്രായം കൂടുന്തോറും മങ്ങുന്നില്ല.
മറിച്ച് കൂടുതൽ തെളിഞ്ഞുവരുന്നു.


ബസ് കോളേജിനെ പിന്നിലാക്കി മുന്നോട്ട് നീങ്ങി.

പക്ഷേ സന്ദീപിന്റെ മനസ്സ് അവിടെ തന്നെയായിരുന്നു.

മഴ നനഞ്ഞ ഒരു സന്ധ്യ.

കൈകൾ വിറച്ച് തന്റെ മുന്നിൽ നിൽക്കുന്ന മേഘ.

“എനിക്ക് നിന്നെ ഇഷ്ടമാണ്…”

ആ ശബ്ദം ഇന്നും അതേ വ്യക്തതയിൽ അവന്റെ ഉള്ളിൽ മുഴങ്ങി.


അതിനുശേഷം കടൽക്കരയിലെ സന്ധ്യ.

“ഈ ആഴ്ച കൊച്ചിയിലേക്ക് വരുന്നുണ്ടോ?”

“നീ വന്നാൽ… നമുക്ക് ഒരു ദിവസം മുഴുവൻ സംസാരിച്ചു ഇരിക്കാം.”

“ഞാൻ കാത്തിരിക്കും.”


ആ നാല് വാക്കുകൾ വീണ്ടും അവന്റെ മനസ്സിൽ മുഴങ്ങി.

ഞാൻ കാത്തിരിക്കും.

വർഷങ്ങൾക്കു മുമ്പ് കേൾക്കേണ്ടിയിരുന്ന വാക്കുകൾ
ജീവിതം വളരെ വൈകിയാണ് തിരികെ നൽകുന്നത്.


സന്ദീപ് ബാഗ് തുറന്ന് തിരക്കഥയുടെ കെട്ട് ഒന്ന് സ്പർശിച്ചു.

അവസാന പേജ് ഇപ്പോഴും ശൂന്യമായിരുന്നു.

ആ ശൂന്യതയിലേക്ക് നോക്കിക്കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു—

“ഇന്ന് ഈ കഥയ്ക്ക് ഒരു അവസാനം കിട്ടും.”


അത് തന്റെ തിരക്കഥയെക്കുറിച്ചാണോ,
ജീവിതത്തെക്കുറിച്ചാണോ,
അവന് തന്നെ ഉറപ്പില്ലായിരുന്നു.


ബസ് മഴ നനഞ്ഞ ദേശീയപാതയിലൂടെ മുന്നോട്ട് നീങ്ങി.

കൊച്ചി ഇനിയും ദൂരെയായിരുന്നു.

പക്ഷേ വർഷങ്ങളായി അകലെയിരുന്ന ഒരു മനുഷ്യൻ
ഇപ്പോൾ തന്റെ ജീവിതത്തോട് ഏറ്റവും അടുത്തെത്തിക്കൊണ്ടിരിക്കുകയായിരുന്നു.


അവനെ കാത്തിരുന്നത് മേഘ മാത്രമല്ല.

ഒരിക്കൽ തന്റെതാകാമായിരുന്ന ഒരു ജീവിതത്തിന്റെ വാതിൽ കൂടിയായിരുന്നു.


അതേസമയം, കൊച്ചിയിൽ—

മേഘ തോമസിന്റെ വീട് പതിവുപോലെ ശാന്തമായിരുന്നു.

കലൂരിന്റെ തിരക്കേറിയ റോഡിൽ നിന്ന് അല്പം അകത്തേക്ക് മാറി, ഉയർന്ന മതിലുകളും ഇരുമ്പ് ഗേറ്റും പിന്നിട്ട് നീളുന്ന ഡ്രൈവ് വേയുടെ അറ്റത്ത് ആ വീട് നിലകൊണ്ടിരുന്നു.

വീടെന്ന് പറയുന്നതിലും കൂടുതൽ ഒരു പഴയ ബംഗ്ലാവായിരുന്നു അത്.

വിശാലമായ വരാന്തകൾ.
ഉയർന്ന തൂണുകൾ.
ചുവന്ന ഓടിട്ട മേൽക്കൂര.
മുറ്റം നിറയെ പഴയ വൃക്ഷങ്ങൾ.

വീടിനെ ചുറ്റി പരന്നുകിടക്കുന്ന ഭൂമി— വർഷങ്ങളായി കുടുംബത്തിന്റെ സമ്പത്തിന്റെ നിശ്ശബ്ദ സാക്ഷി.

അച്ഛൻ മരിച്ചതിന് ശേഷം ബിസിനസിന്റെ മുഴുവൻ ചുമതലയും മേഘയുടെ തോളിലേക്കാണ് വന്നത്. പലർക്കും അത് അതിശയമായിരുന്നു. പക്ഷേ അവളെ അടുത്തറിയുന്നവർക്ക് അതിൽ അമ്പരപ്പൊന്നുമില്ലായിരുന്നു.

മേഘ ഒരിക്കൽ തീരുമാനിച്ചാൽ പിന്നോട്ടു പോകുന്നവളല്ല.

അവൾ അച്ഛന്റെ സ്ഥാപനം വളർത്തി. അതിനൊപ്പം ഈ വീടും, അതിന്റെ ഓർമ്മകളും, അതിനുള്ളിലെ നിശ്ശബ്ദതയും സ്വന്തം ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുത്തു.


പ്രധാന വീടിന്റെ വലതുവശത്ത്, മാവിന്റെയും മഴമരത്തിന്റെയും തണലിൽ ഒരു ചെറിയ OUTHOUSE ഉണ്ടായിരുന്നു.

പുറത്തുനിന്ന് നോക്കുമ്പോൾ അതൊരു സ്വതന്ത്രമായ ചെറിയ വീടുപോലെ തോന്നും.

ഒരു കിടപ്പുമുറി.
ഒരു study.
ഒരു ചെറിയ sit-out.

മേഘ പലപ്പോഴും പ്രധാന വീട്ടിലെ തിരക്കുകളിൽ നിന്ന് മാറി അവിടെ സമയം ചെലവഴിക്കാറുണ്ടായിരുന്നു.

ചില പ്രധാന അതിഥികൾ വന്നാൽ അവിടെ താമസിപ്പിക്കും.

ഇന്ന് രാവിലെ അവൾ ഏറെ നേരം അവിടെ നിന്നു.

ജനൽ തുറന്നു.

മേശപ്പുറത്തെ പൊടി വിരലുകൾ കൊണ്ട് തുടച്ചു.

തിരശ്ശീലകൾ ശരിയാക്കി.

വർഷങ്ങൾക്ക് മുമ്പ് അടച്ചുവെച്ച ഒരു അധ്യായത്തിന് വേണ്ടി ഒരു മുറി തയ്യാറാക്കുന്നതുപോലെ.


വീട്ടിൽ അസാധാരണമായ തിരക്കുണ്ടായിരുന്നു.

അടുക്കളയിൽ പാചകത്തിന്റെ സുഗന്ധം നിറഞ്ഞു.

Servants വരുകയും പോകുകയും ചെയ്തു.

“ഇന്ന് വൈകുന്നേരം ഒരു പ്രത്യേക അതിഥി വരും,” മേഘ ശാന്തമായി പറഞ്ഞു.

“ഡിന്നറിന് കുറച്ചു വിഭവങ്ങൾ കൂടുതൽ തയ്യാറാക്കൂ.”

“Vegetarian items ഉം ഉണ്ടാകട്ടെ… അവന് എന്താണ് ഇഷ്ടമെന്ന് എനിക്ക് ഇപ്പോഴും ഓർമ്മയില്ല.”

അവസാന വാക്കുകൾ അവൾ സ്വയം പറഞ്ഞതുപോലെ ആയിരുന്നു.


Dining table പ്രത്യേക ശ്രദ്ധയോടെ ഒരുക്കാൻ അവൾ പറഞ്ഞു.

വെള്ള നിറത്തിലുള്ള table cloth മാറ്റി പുതിയതു വിരിച്ചു.

വെള്ളിപ്പാത്രങ്ങൾ polish ചെയ്യാൻ പറഞ്ഞു.

പൂന്തോട്ടത്തിൽ നിന്ന് പുതുതായി വിരിഞ്ഞ വെള്ള റോസാപ്പൂക്കൾ കൊണ്ടുവന്ന് crystal vase-ൽ വച്ചു.


മാഡം, എത്ര പേർ ഉണ്ടാകും?” പഴയ housekeeper ചോദിച്ചു.

മേഘ ഒരു നിമിഷം ആലോചിച്ചു.

പിന്നീട് മൃദുവായി ചിരിച്ചു.

“രണ്ട് പേർ മാത്രം.”


അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ വർഷങ്ങളുടെ ദൂരം മറികടന്ന ഒരു മൃദുലത ഉണ്ടായിരുന്നു.


ഉച്ചയ്ക്കുശേഷം അവൾ പലതവണ ഘടികാരത്തിലേക്ക് നോക്കി.

സ്വയം ജോലി ചെയ്യാൻ ശ്രമിച്ചു.

ഫയലുകൾ തുറന്നു.

ഒപ്പിടേണ്ട രേഖകൾ മുന്നിൽ വെച്ചു.

പക്ഷേ മനസ്സ് എവിടെയും നിൽക്കാതെ വീണ്ടും വീണ്ടും ഒരേ ദിശയിലേക്ക് മടങ്ങി.

കോഴിക്കോട്.

ഒരു ബസിന്റെ ജാലകസീറ്റിൽ ഇരുന്ന്, കൈയിൽ ഡയറിയും പൂർത്തിയാകാത്ത കഥയും കരുതിക്കൊണ്ട് വരികയായിരുന്ന ഒരാളിലേക്കു.


വൈകുന്നേരം അടുക്കുമ്പോൾ അവൾ വീണ്ടും outhouse-ലേക്ക് നടന്നു.

സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു.

അവൾ വാതിൽ തുറന്ന് അകത്ത് കയറി.

കുറച്ചു നേരം നിശ്ശബ്ദമായി നിന്നു.

ഇവിടെ ഇരുന്ന് അവർ മണിക്കൂറുകളോളം സംസാരിക്കുമെന്നു അവൾ മനസ്സിൽ കണ്ടു.

കോളേജിലെ ഓർമ്മകൾ.
പറയാതെ പോയ ചോദ്യങ്ങൾ.
ഉത്തരം ലഭിക്കാതെ നിന്ന വർഷങ്ങൾ.


പുറത്തിറങ്ങുന്നതിന് മുമ്പ് അവൾ ജനലരികിൽ നിന്ന് തോട്ടത്തിലേക്ക് നോക്കി.

കാറ്റിൽ ഇലകൾ മൃദുവായി അലയുന്നു.

അവളുടെ ചുണ്ടുകളിൽ അറിയാതെ ഒരു ചെറിയ ചിരി വിരിഞ്ഞു.

വർഷങ്ങൾക്കു ശേഷം, ആദ്യമായി, അവൾ സമയം പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ ഭയപ്പെട്ടില്ല.


“സന്ദീപ്…”

അവൾ വളരെ പതുക്കെ ആ പേര് വിളിച്ചു.

ആ പേരിൽ ഇന്നും പഴയതുപോലെ ഒരു മൃദുത്വം ഉണ്ടായിരുന്നു.


വീട്ടിലേക്കു മടങ്ങുമ്പോൾ അവളുടെ മനസ്സിൽ ഒരേയൊരു വാക്ക് മാത്രം മുഴങ്ങിക്കൊണ്ടിരുന്നു—

“ഞാൻ കാത്തിരിക്കും.”


രാത്രി വൈകിക്കൊണ്ടിരുന്നു.

വീട്ടിലെ വലിയ ഘടികാരത്തിന്റെ സൂചികൾ മുന്നോട്ട് നീങ്ങുന്ന ശബ്ദം പോലും മേഘയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

പുറത്ത് ഇടയ്ക്കിടെ മഴ ചാറിവീണു.

ഡൈനിങ് ടേബിളിൽ ഒരുക്കിയ ഭക്ഷണം അതേപടി തണുത്തുകിടന്നു.

Servants എല്ലാവരും ഉറങ്ങാൻ പോയിരുന്നു.

പക്ഷേ മേഘയ്ക്ക് ഉറക്കം വന്നില്ല.


അവൾ പലതവണ ഗേറ്റിനരികിലേക്ക് നടന്നു.

വീണ്ടും തിരിച്ചു വന്നു.

വീണ്ടും ഘടികാരത്തിലേക്ക് നോക്കി.

രാത്രി പന്ത്രണ്ട് കഴിഞ്ഞു.

“ഇത്ര ലേറ്റ് ആകുമോ…?”

അവൾ സ്വയം ചോദിച്ചു.

പിന്നെ സ്വയം തന്നെ ആശ്വസിപ്പിച്ചു.

“മഴയല്ലേ… ബസ് വൈകിയിട്ടുണ്ടാകും…”


അവൾ outhouse-ലേക്ക് നടന്നു.

അവിടെ ലൈറ്റ് ഇനിയും ഓണായിരുന്നു.

ജനലരികിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി.

ഇവിടെയിരുന്ന് അവർ സംസാരിക്കുന്നതും, പഴയ ഓർമ്മകൾ പറഞ്ഞ് ചിരിക്കുന്നതും, വർഷങ്ങളായി പറയാതെ വെച്ച സത്യങ്ങൾ ഒടുവിൽ തുറന്നു പറയുന്നതും— അവൾ മനസ്സിൽ പലതവണ കണ്ടു.


സമയം വീണ്ടും നീങ്ങി.

രാത്രി കൂടുതൽ നിശ്ശബ്ദമായി.

കാത്തിരിപ്പ് മാത്രം വലുതായി.


ഒടുവിൽ ക്ഷീണം അവളെ പതുക്കെ കീഴടക്കി.

Hallലെ സോഫയിൽ ഇരുന്നുകൊണ്ട് എപ്പോഴോ അവൾ ഉറങ്ങിപ്പോയി.


പെട്ടെന്ന്—

ഗേറ്റ് തുറക്കുന്ന ശബ്ദം.


മേഘ ഞെട്ടി കണ്ണുതുറന്നു.

ഒരു നിമിഷം അവൾക്ക് സ്ഥലം മനസ്സിലായില്ല.

പിന്നെ—

ഗേറ്റ്.

സന്ദീപ്.


അവൾ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടി.

മുറ്റത്ത് നിലാവിന്റെ വെളിച്ചം വീണുകിടന്നു.

ഗേറ്റിനരികിൽ ഒരു ഓട്ടോ.

അതിൽ നിന്ന് ഇറങ്ങി ഓട്ടോക്കാരന് പണം കൊടുക്കുന്ന സന്ദീപ്.


മേഘയുടെ ശ്വാസം നിലച്ചു.

സന്ദീപ് പതുക്കെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു.

കൈയിൽ ബാഗ്.

വെള്ള ഷർട്ട് മഴയിൽ നനഞ്ഞതുപോലെ.

മുഖത്ത് ക്ഷീണം.

പക്ഷേ കണ്ണുകൾ—

അവൾക്ക് ഓർമ്മയുള്ള അതേ കണ്ണുകൾ


“സന്ദീപ്…”

അവളുടെ ശബ്ദം വിറച്ചു.


അവൻ ഒന്നും പറഞ്ഞില്ല.

പതുക്കെ നടന്ന് അവളുടെ അടുത്തേക്ക് വന്നു.

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.


“എന്താ ഇത്ര ലേറ്റ് ആയത്…?”

അവൾ കരച്ചിലിനിടയിൽ ചോദിച്ചു.

“ഞാൻ എത്ര നേരമായി wait ചെയ്യുന്നു…”


സന്ദീപ് ഒന്നും മിണ്ടിയില്ല.

അവൻ അവളെ മാത്രം നോക്കി നിന്നു.

ആ നോട്ടത്തിൽ പറഞ്ഞിട്ടില്ലാത്ത ഒരു യാത്ര മുഴുവൻ ഉണ്ടായിരുന്നു.


മേഘ പെട്ടെന്ന് അവനെ ചേർത്ത് പിടിച്ചു.

വളരെ മുറുകെ.

വീണ്ടും നഷ്ടപ്പെടുമോ എന്ന പേടിയോടെ. 


ഒരു നിമിഷം—

ലോകം നിശ്ശബ്ദമായി


പക്ഷേ അടുത്ത നിമിഷം മേഘയുടെ മുഖം മാറി.

അവളുടെ കൈയിൽ എന്തോ നനവ് പറ്റി.


അവൾ പതുക്കെ കൈ പിൻവലിച്ചു.

നിലാവിൽ അവളുടെ വിരലുകൾ ചുവന്നുനിന്നു.


“സന്ദീപ്…”

അവൾ ഭയന്ന് അവനെ നോക്കി.

“ഇത്…?”


അവൾ വീണ്ടും അവന്റെ ഷർട്ടിലേക്ക് നോക്കി.

വെള്ള ഷർട്ടിൽ ചുവന്ന പാടുകൾ പതിഞ്ഞിരുന്നു.


“നിന്റെ ദേഹത്ത് എന്താ…?”

അവളുടെ ശബ്ദം വിറച്ചു.

“എന്ത് പറ്റി…?”

“ചോരയാണോ ഇത്…?”


സന്ദീപ് ഒന്നും മിണ്ടിയില്ല.

അവൻ അവളെ നോക്കി മാത്രം നിന്നു.

ആ കണ്ണുകളിൽ അതിശക്തമായ ഒരു വേദന ഉണ്ടായിരുന്നു.

അല്ലെങ്കിൽ…

ഒരു വിടപറച്ചിൽ.


പെട്ടെന്ന്—

ഫോണിന്റെ മൂർച്ചയുള്ള ബെൽ രാത്രി കീറി മുഴങ്ങി.


മേഘ ഞെട്ടി കണ്ണുതുറന്നു.

അവൾ സോഫയിൽ തന്നെയായിരുന്നു.

മുറി ഇരുണ്ടു കിടക്കുന്നു.

ശ്വാസം വേഗത്തിലായിരുന്നു.

ശരീരം മുഴുവൻ വിയർപ്പിൽ നനഞ്ഞിരുന്നു.


ഫോൺ വീണ്ടും മുഴങ്ങി.


അവൾ വിറക്കുന്ന കൈകളോടെ റിസീവർ എടുത്തു.

“ഹലോ…?”


“മേഘ തോമസ് ആണോ…?”

അപരിചിതമായ ഒരു പുരുഷ ശബ്ദം.


“അതെ…”


“തൃശൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ് സംസാരിക്കുന്നത്.”


മേഘയുടെ ഹൃദയം പെട്ടെന്ന് നിശ്ചലമായതുപോലെ തോന്നി.


“ഒരു accident case ഉണ്ട്.”

“ഒരു body identify ചെയ്യാനുണ്ട്.”


അവളുടെ കൈകൾ വിറക്കാൻ തുടങ്ങി.


“അയാളുടെ ഡയറിയിൽ നിന്ന് കിട്ടിയ നമ്പർ ആണ് ഇത്.”

“സന്ദീപ് ബാലകൃഷ്ണൻ എന്നാണ് പേര്.”


ലോകം മുഴുവൻ ഒരൊറ്റ നിമിഷത്തിൽ ശൂന്യമായതുപോലെ.


ലോകം മുഴുവൻ ഒരൊറ്റ നിമിഷത്തിൽ ശൂന്യമായതുപോലെ.


മേഘയുടെ ചുണ്ടുകൾ വിറച്ചു.

പക്ഷേ ശബ്ദം പുറത്തുവന്നില്ല.


“ഹലോ…?”

“ഹലോ… കേൾക്കുന്നുണ്ടോ…?”


ഇടിമിന്നൽ ഏറ്റത് പോലെ മേഘ നിശ്ചലമായി നിന്നു.

റിസീവർ കൈയിൽ വിറച്ചു.

അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പതുക്കെ താഴേക്ക് വീണു.


അൽപ്പസമയം മുൻപ് സ്വപ്നത്തിൽ അവൾ ചേർത്ത് പിടിച്ച മനുഷ്യൻ—

ഇപ്പോൾ ഒരു “body” ആയി മാറിയിരുന്നു.


പുറത്ത് വീണ്ടും മഴ പെയ്യാൻ തുടങ്ങി. 


അടുത്ത ദിവസങ്ങൾ മേഘയ്ക്ക് വ്യക്തമായി ഓർമ്മയില്ലായിരുന്നു.

തൃശൂരിലേക്ക് പോയ യാത്ര.
Police station.
Formalities.
Hospital mortuaryയിലെ തണുത്ത നിശ്ശബ്ദം.

വെള്ള തുണിയാൽ മൂടിയ ശരീരത്തിന്റെ മുഖം തുറന്ന നിമിഷം—
മേഘയുടെ ഉള്ളിൽ എന്തോ ശാശ്വതമായി തകർന്നു.


സന്ദീപിന് അടുത്ത ബന്ധുക്കൾ ആരുമില്ലായിരുന്നു.

അറിയിക്കാനായി ആരുടെയും പേര് അവന്റെ ഡയറിയിൽ ഉണ്ടായിരുന്നില്ല.

അവസാനം എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം, കുറച്ചു പേരുടെ സാന്നിധ്യത്തിൽ, നഗരത്തിലെ പൊതു ശ്മശാനത്തിൽ സന്ദീപ് ബാലകൃഷ്ണനെ സംസ്കരിച്ചു.

മഴ നനഞ്ഞ മണ്ണിലേക്ക് അവസാനമായി മണ്ണ് വീണ ശബ്ദം കേൾക്കുമ്പോൾ—
മേഘയ്ക്ക് തോന്നിയത് ഒരു മനുഷ്യനെ അല്ല, തന്റെ ജീവിതത്തിലെ പൂർത്തിയാകാതെ പോയ ഒരു ഭാഗത്തെ തന്നെയാണ് മണ്ണടക്കുന്നതെന്ന്.


തിരികെ പോകുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ അവളുടെ അടുത്തേക്ക് വന്നു.

സന്ദീപിന്റെ ബാഗ് അവളുടെ കൈയിൽ കൊടുത്തു.

“ഇതാണ് അയാളുടെ belongings.”

മേഘ ബാഗ് വാങ്ങി.

അതിൽ ഇപ്പോഴും സന്ദീപിന്റെ കൈയുടെ ചൂട് ശേഷിക്കുന്നതുപോലെ അവൾക്ക് തോന്നി.


വീട്ടിലെത്തിയ ശേഷം അവൾ നേരെ തന്റെ മുറിയിലേക്ക് നടന്നു.

ആരും അവളെ ശല്യപ്പെടുത്തിയില്ല.

വാതിൽ അകത്ത് നിന്ന് പൂട്ടി.

ബാഗ് പതുക്കെ ബെഡിന് മുകളിൽ വച്ചു.

കുറച്ചു നേരം അവൾ അതിലേക്കു നോക്കി നിന്നു.

അതിനുശേഷം പെട്ടെന്ന് അവളുടെ നിയന്ത്രണം തകർന്നു.


അവൾ ബാഗ് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു.

വർഷങ്ങളായി അടക്കിവെച്ച എല്ലാ വികാരങ്ങളും ഒരുമിച്ച് പുറത്തുവന്നതുപോലെ.

“സന്ദീപ്…”

അവളുടെ ശബ്ദം വിങ്ങിപ്പൊട്ടി.

“എന്തിനാ ഇങ്ങനെ പോയത്…”


മുറിക്ക് പുറത്തേക്ക് തന്റെ കരച്ചിൽ കേൾക്കരുതെന്ന് തോന്നി.

അവൾ പെട്ടെന്ന് music system ഓൺ ചെയ്തു.

ഒരു പഴയ പാട്ട് മുറിയിൽ ഉയർന്ന ശബ്ദത്തിൽ മുഴങ്ങിത്തുടങ്ങി.

ആ സംഗീതത്തിനുള്ളിൽ അവളുടെ കരച്ചിൽ മുങ്ങിപ്പോയി.


കുറച്ചു നേരം കഴിഞ്ഞ് അവൾ പതുക്കെ ബാഗ് തുറന്നു.

അകത്ത്—

ചില വസ്ത്രങ്ങൾ.
ഒരു പേന.
മടക്കി വച്ച തിരക്കഥയുടെ താളുകൾ.

അതിന്റെ അടിയിൽ—

ആ ചെറിയ ഡയറി.


മേഘ വിറക്കുന്ന കൈകളോടെ അത് തുറന്നു.

ഓരോ പേജിലും സന്ദീപിന്റെ കൈയെഴുത്ത്.

ആദ്യത്തിൽ ചെറിയ കുറിപ്പുകൾ.

കോളേജ് ഓർമ്മകൾ.

മേഘ പറഞ്ഞ തമാശകൾ.

അവൾ എഴുതിയ കവിതകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ.

കാന്റീനിൽ പങ്കിട്ട ചായ.

മഴയുള്ള ദിവസങ്ങൾ.


ഒരു പേജിൽ അവൻ എഴുതിയിരുന്നു:

“അവൾ സംസാരിക്കുമ്പോൾ എനിക്ക് എല്ലാം എളുപ്പമാകുന്ന പോലെ തോന്നും.”

മറ്റൊരു പേജിൽ:

“മേഘ ചിരിക്കുമ്പോൾ, ജീവിതം ഇത്ര മോശമല്ലെന്ന് വിശ്വസിക്കാൻ തോന്നുന്നു.”


മേഘയുടെ കണ്ണുനീർ താളുകളിൽ വീണു.

അവൾ പേജുകൾ വേഗത്തിൽ മറിച്ചു.

അപ്പോൾ—

ഒരു തീയതി.

അവൾ പ്രണയം പറഞ്ഞതിന് മുൻപുള്ള ദിവസം.


അതിനടിയിൽ സന്ദീപ് എഴുതിയ വരികൾ:

“ഇന്ന് മേഘയുടെ അച്ഛൻ എന്നെ കാണാൻ വന്നു.”

മേഘയുടെ ശ്വാസം നിലച്ചു.


അവൾ വായിച്ചു.

ഓരോ വരിയും അവളുടെ ഹൃദയത്തിലേക്ക് കുത്തിയിറങ്ങുന്നതുപോലെ തോന്നി.


“അദ്ദേഹം എന്നോട് പറഞ്ഞു, അവളുടെ ജീവിതത്തിൽ നിന്ന് മാറിനിൽക്കണമെന്ന്.”

“അവളുടെ ഭാവി നശിപ്പിക്കരുത് എന്ന് പറഞ്ഞു.”

“ഈ കാര്യം ഒരിക്കലും മേഘ അറിയരുത് എന്നും.”

“ഞാൻ വാക്ക് കൊടുത്തു.”


 മേഘയുടെ കൈകൾ വിറച്ചു.

അവളുടെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ ഡയറിയുടെ മേൽ വീണു.

 

“അച്ഛാ…”

അവൾ വിങ്ങിപ്പൊട്ടി.

ആ നിമിഷത്തിലാണ് അവൾക്ക് മനസ്സിലായത്—

സന്ദീപ് ഒരിക്കലും അവളെ സ്നേഹിച്ചിരുന്നില്ല എന്നല്ല.

അവളെ വളരെ അധികം സ്നേഹിച്ചതുകൊണ്ടാണ് അവൻ അവളെ വിട്ടുപോയത്.


അവൾ വീണ്ടും ഡയറി മറിച്ചു.

അവസാന ഭാഗങ്ങളിൽ മുഴുവൻ ഒരു കഥയുടെ കുറിപ്പുകൾ.

സംഭാഷണങ്ങൾ.

സീനുകൾ.

കടൽക്കര.

മഴ.

ഒരു പെൺകുട്ടി.

ഒരു എഴുത്തുകാരൻ.


മേഘയുടെ കണ്ണുകൾ പതുക്കെ വലുതായി.

അപ്പോൾ അവൾക്ക് മനസ്സിലായി.

സന്ദീപ് എഴുതിയിരുന്ന സിനിമയുടെ തിരക്കഥ—

അവരുടെ സ്വന്തം കഥയായിരുന്നു.


അവസാന പേജുകളിലേക്ക് എത്തിയപ്പോൾ എഴുത്ത് കുറയാൻ തുടങ്ങി.

അവസാനമായി എഴുതിയ പേജ്—

“അവൻ അവളെ വീണ്ടും കണ്ടുമുട്ടിയ ദിവസം…”

അതിനു ശേഷം—

ശൂന്യം.


അതിന്റെ താഴെ ചെറിയൊരു കുറിപ്പ് മാത്രം.

“ബാക്കി… അവളോട് സംസാരിച്ച ശേഷം എഴുതണം.”


മേഘയുടെ കരച്ചിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടു.

ഡയറി നെഞ്ചോട് ചേർത്ത് അവൾ കിടക്കയിലേക്ക് വീണു.

 

മുറിയിൽ പഴയ പാട്ട് ഇപ്പോഴും ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.

പക്ഷേ അതിനേക്കാൾ വലിയ ശബ്ദത്തിൽ അവളുടെ ഉള്ളിൽ ഒരു സത്യം മുഴങ്ങുകയായിരുന്നു—

സന്ദീപ് തന്റെ ജീവിതം മുഴുവൻ എഴുതിയത് ഒരേയൊരു കഥയായിരുന്നു.

മേഘയെക്കുറിച്ചുള്ള കഥ.


പുറത്ത് മഴ വീണ്ടും ശക്തമായി.

ചില കഥകൾക്ക് അവസാനം എഴുതാൻ ജീവിതം സമയം നൽകില്ല.

പക്ഷേ ചില പ്രണയങ്ങൾ—

പൂർത്തിയാകാതെ പോയാലും,
അവ ഒരിക്കലും അവസാനിക്കില്ല.


അവസാനിച്ചു


Comments

Popular posts from this blog

അവിചാരിതം ( അദ്ധ്യായം 1 – ഒറ്റപ്പെട്ട ശബ്ദങ്ങൾ )

ഒരു കണ്ണൂര്‍ ( കണ്ണീര്‍ ) കഥ :(

അവിചാരിതം (അധ്യായം 2 – പറയാതെ പോയ വാക്കുകൾ)